Welcome To All

ബദ്ര്‍ ശുഹദാക്കൾ, വെളിച്ചത്തിന് കാവല്‍ നിന്നവർ - ബദ്റിൽ ശഹീദായ 14 പേരെ കുറിച്ച് വിശദമായി

0

 



ബദ്ര്‍ ശുഹദാക്കൾ, വെളിച്ചത്തിന് കാവല്‍ നിന്നവർ - ബദ്റിൽ ശഹീദായ 14 പേരെ കുറിച്ച് വിശദമായി


ബദ്ര്‍, ഇസ്‌ലാം ചരിത്രത്തിലെ ഉജ്വല സംഭവം. സാഭിമാനം സത്യവിശ്വാസികളെന്നും ബദ്ര്‍ സ്മരിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കെന്നും പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണ് ബദ്‌രീങ്ങള്‍. പള്ളി സംരക്ഷണത്തിനായി പാറനമ്പിയുമായി ഏറ്റുമുട്ടാന്‍ പള്ളിയങ്കണത്തിലെത്തിയ പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് മഹാനായ യൂസുഫ് മുസ്‌ലിയാര്‍ ബദ്‌രീങ്ങളുടെ പോരാട്ടം പകര്‍ന്നുകൊടുത്തത് ചരിത്രം. 


സര്‍വായുധസജ്ജരായ ആയിരത്തോളം പേരായിരുന്നു ശത്രുക്കള്‍. മുസ്‌ലിങ്ങളാകട്ടെ, മുന്നൊരുക്കമില്ലാത്ത, കാര്യമായ ആയുധങ്ങളും സാധനസാമഗ്രികളുമില്ലാത്ത കേവലം 313 പേരും. 207 അന്‍സ്വാറുകളും ബാക്കി മുഹാജിറുകളും. ഭൗതിക സജീകരണങ്ങളില്ലെങ്കിലും അവര്‍ക്ക് ആദര്‍ശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും അനുപമവിജയവും ലഭിച്ചു. 

▫️ശത്രുക്കളില്‍നിന്ന് പ്രധാന നേതാക്കളടക്കം 70 പേര്‍ കൊല്ലപ്പെട്ടു. 74 പേര്‍ പിടിക്കപ്പെട്ടു.  മുസ്‌ലിം പക്ഷത്തുനിന്നു രക്തസാക്ഷികളായവര്‍ 14 പേര്‍. ആറു മുഹാജിറുകളും എട്ട് അന്‍സ്വാറുകളും. അവരെ ലഘുവായി പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇബ്‌നു ഹിശാം(റ)വിന്റെ സീറത്തു നബവിയയില്‍ കാണിച്ച ക്രമമനുസരിച്ച് ആദ്യം ആറു മുഹാജിറുകളെയും പിന്നെ എട്ട് അന്‍സാരികളെയും വിവരിക്കാം. ബദ്ര്‍ ശുഹാദാക്കളില്‍ ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ) ഒഴിച്ച് ബാക്കി 13 പേരും മറവ് ചെയ്യപ്പെട്ടത് ബദ്‌റില്‍ തന്നെ. അദ്ദേഹം സഫ്‌റാഇലും. 

 ▪️1 ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ)

▫️മുസ്‌ലിം സൈന്യവും ശത്രുസൈന്യവും മുഖാമുഖം നില്‍ക്കുന്നു. തിരുനബി(സ്വ)യുടെ ഹൗളില്‍നിന്ന് വെള്ളം കുടിക്കും. അഥവാ, പൊളിക്കും അല്ലെങ്കില്‍ അവിടെ മരിക്കും എന്ന പ്രതിജ്ഞയും പോര്‍വിളിയുമായി ശത്രുപക്ഷത്തുനിന്ന് അസ്‌വദുല്‍ മഖ്‌സൂമി ഹാളിലേക്ക് ചീറിയടുക്കുന്നു. മഹാനായ ഹംസ(റ) അവനെ നേരിടുന്നു; കൊലപ്പെടുത്തുന്നു. പിന്നെ ഉത്ബത്താണ് മുന്നോട്ടുവരുന്നത്. അവന്റെ കൂടെ സഹോദരന്‍ ശൈബത്തും മകന്‍ വലീദുമുണ്ട്. ''ഞങ്ങളെ നേരിടാന്‍ ആരുണ്ട്?'' അവന്റെ ഉഗ്രന്‍പോര്‍വിളി. അന്‍സ്വാരികളില്‍പെട്ട മൂന്നു യുവാക്കള്‍ മുമ്പോട്ടുവന്നു. അവര്‍ 'അഫ്‌റാഅ്' എന്ന മഹതിയുടെ പുത്രന്മാരായ മുഅവ്വിദ്, മുആദ്, ഔഫ് എന്നിവരായിരുന്നു. ഉത്ബത്ത് ചോദിച്ചു: ''നിങ്ങളാരാണ്?'' അവര്‍ അന്‍സ്വാരികളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ''നിങ്ങള്‍ തിരിച്ചുപോവുക. നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ കുടുംബക്കാരുണ്ടവിടെ. അവരെ ഞങ്ങളോട് കിടയൊക്കുകയുള്ളൂ.'' 

അവര്‍ തിരിച്ചുപോന്നു. ഉബൈദത്ത്, ഹംസ, അലി(റ) എന്നിവര്‍ നബി(സ്വ)യുടെ നിര്‍ദേശമനുസരിച്ച് മുമ്പോട്ടു വന്നു. ഉത്ബത്തിന്റെ മകന്‍ വലീദിനെ അലി(റ) നേരിട്ടു. കൂട്ടത്തില്‍ പ്രായം കുറഞ്ഞവര്‍ അവരായിരുന്നു. കടുത്ത പോരാട്ടം. വലീദിനെ അലി(റ) കൊലപ്പെടുത്തി. പിന്നെ ഹംസ(റ)വും ശൈബത്തും തമ്മിലായി പോരാട്ടം. ശൈബത്തിനെ ഹംസ(റ)വും കഥ കഴിച്ചു. പിന്നെ ഉത്ബത്തിനെ നേരിട്ടത് ഉബൈദത്ത്(റ)ആയിരുന്നു. കൂട്ടത്തില്‍ പ്രായം കൂടിയവര്‍ അവരായിരുന്നു. പോരാട്ടത്തിനിടയില്‍ ഉബൈദത്ത്(റ)വിന്റെ വെട്ട് ഉത്ബത്തിന്റെ ചുമലില്‍ പതിച്ചു. ഉത്ബത്തിന്റെ  വെട്ട് ഉബൈദത്ത്(റ)വിന്റെ കാല്‍ച്ചുവട്ടിലും; രണ്ടുപേരും നിലംപതിച്ചു. ഹംസ, അലി(റ) എന്നിവര്‍ ഉത്ബത്തിനെ കൊലപ്പെടുത്തി. 

കുട്ടികളൊന്നും ഞങ്ങള്‍ക്കതില്‍ പ്രശ്‌നമല്ല എന്ന അബൂത്വാലിബ് ചൊല്ലിയ ഈരടികള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''അബൂത്വാലിബ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വാക്ക് അന്വര്‍ത്ഥമാക്കിയതിന് ഏറ്റം അര്‍ഹന്‍ ഞാനാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു.''

പിന്നെ തിരുനബി(സ്വ)യോട് അദ്ദേഹം ചോദിച്ചു: ''നബിയേ, യുദ്ധക്കളത്തില്‍ വച്ചല്ല ഞാന്‍ മരിക്കുന്നതെങ്കില്‍ ഞാന്‍ ശഹീദാകുമോ?''

നബി(സ്വ) പറഞ്ഞു: ''അതെ, ഞാന്‍ അതിനു സാക്ഷിയാണ്.''

തന്റെ കാല്‍ ശത്രുക്കള്‍ വെട്ടിമാറ്റിയെങ്കിലും തനിക്ക് മുസ്‌ലിമാവാന്‍ സൗഭാഗ്യം ലഭിച്ചതിലും ഇസ്‌ലാമിന്റെ പേരില്‍ ത്യാഗം വരിക്കാന്‍ അവസരം ലഭിച്ചതിലും അഭിമാനം  രേഖപ്പെടുത്തിക്കൊണ്ട് തദവസരം അദ്ദേഹം ചൊല്ലിയ ഈരടികള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 

യുദ്ധം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ബദ്‌റിന്റെയും മദീനയുടെയും ഇടക്കുള്ള 'സ്വഫ്‌റാഅ് ' എന്ന സ്ഥലത്തുവച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്. അവിടെത്തന്നെയാണ് അദ്ദേഹം മറവ് ചെയ്യപ്പെട്ടതും. നബി(സ്വ)യാണ് ഖബറിലിറങ്ങിയത്. ഇത് അദ്ദേഹത്തിനു ലഭിച്ച ബഹുമതിയാണ്. 

ഖുറൈശി ഗോത്രത്തില്‍ പെട്ട ബനുല്‍ മുത്വലിബാണ് അദ്ദേഹത്തിന്റെ ഗോത്രം. അബുല്‍ ഹാരിസ് എന്നാണ് ഓമനപ്പേര്. അബൂമുആവിയാ എന്നാണെന്നും അഭിപ്രായമുണ്ട്. നബി(സ്വ)യെക്കാള്‍ 10 വയസ് കൂടുതലുണ്ട്. നബി(സ്വ) ദാറുല്‍ അര്‍ഖമില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം നബി(സ്വ)യില്‍ വിശ്വസിച്ചിരുന്നു. 

Post a Comment

0 Comments
Post a Comment
To Top