Welcome To All

ജാമിഅ നൂരിയ്യ: വൈജ്ഞാനിക കേരളത്തിന്റെ ദിശാകേന്ദ്രം...

ABDUL WAKIF
0

ജാമിഅ നൂരിയ്യ: വൈജ്ഞാനിക കേരളത്തിന്റെ ദിശാകേന്ദ്രം...



മത വൈജ്ഞാനിക മേഖലയില്‍ കേരളീയ മുസ്‌ലിമിന്റേത് തുല്യതയില്ലാത്ത മോഡലാണ്.ഇസ്‌ലാമിക രാഷ്ട്രങ്ങളെന്ന് വിളിപ്പേരുണ്ടായിട്ടും ഇന്ന് അവിടങ്ങളിലൊന്നും കരസ്ഥമാക്കാനാവാത്ത നേട്ടങ്ങള്‍ പടുത്തുയര്‍ത്താന്‍ കേരളീയര്‍ക്ക് സാധിച്ചത് മാതൃകാ യോഗ്യമായ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്നതിനാലാണ്.ഓത്തുപള്ളികളില്‍നിന്ന് പള്ളി ദര്‍സുകളിലേക്കും മദ്‌റസകളില്‍നിന്ന് അറബിക് കോളജുകളിലേക്കും അവിടെ നിന്ന് സ്വതന്ത്ര ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി വരെ അത് വികാസം പ്രാപിച്ചിട്ടുണ്ട്.വൈജ്ഞാനിക പ്രബോധന മുന്നേറ്റത്തില്‍ അതുല്യമായ മാതൃകകള്‍ സൃഷ്ടിച്ച കേരളത്തിന്റെ ഗതിവിഗതികള്‍ മാറ്റി നിര്‍ണയിച്ച പ്രഥമ ഉന്നത കലാലയമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്.പാരമ്പര്യത്തിന്റെ ഗരിമ ചോര്‍ന്നുപോകാതെ ഉത്തരാധുനികതയുടെ പ്രബോധിത ജനതക്ക് ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാന്‍ ഉതകുന്ന സംവിധാനമായി ഇന്ന് ജാമിഅ വളര്‍ന്നിരിക്കുന്നു.കേരളത്തില്‍ ഉയര്‍ന്ന് വന്ന മത സ്ഥാപനങ്ങള്‍ എല്ലാം ജാമിഅയുടെ ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു എന്നതാണ് ചരിത്രം. ‘ഉമ്മുല്‍ മദാരിസ് ‘എന്ന നാമം ലഭിക്കാന്‍ കാരണവും അത് തന്നെ.

വൈജ്ഞാനിക രംഗത്തെ കേരളീയ ഉല്‍ക്കര്‍ഷത്തിന്റെ കാരണങ്ങളില്‍ ഒന്ന് പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം ഇവിടെയെത്തിയെന്നുള്ളതാണ്. ആദ്യ പ്രബോധക സംഘം മസ്ജിദുകള്‍ നിര്‍മിച്ചാണ് ഇവിടെ തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.ആ പള്ളികള്‍ കേന്ദ്രീകരിച്ചാണ് അനുഷ്ഠാനപരവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ വ്യവഹാരങ്ങളും നിര്‍വഹിക്കപ്പെട്ടത്.വൈജ്ഞാനിക നിര്‍വഹണത്തിന്റെ കേന്ദ്രങ്ങളായി പരിലസിച്ചതും മസ്ജിദുകള്‍ തന്നെ. കേരളീയ ചരിത്രത്തില്‍ ഇടംപിടിച്ച ആദ്യ ദര്‍സ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്ലാഹില്‍ ഹള്‌റമിയുടെ നേതൃത്വത്തില്‍ താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ ആരംഭിച്ച ദര്‍സാണ്.പൊന്നാനി, ചാലിയം, കോഴിക്കോട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ദര്‍സുകള്‍ നടന്നിരുന്നു. ഇവയില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചത് പൊന്നാനിയിലെ മഖ്ദൂമുമാരുടെ ദര്‍സാണ്.ജ്ഞാന സമ്പാദനത്തിന് വേണ്ടി മക്ക, മദീന, ഈജിപ്ത്, യമന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പഠനം നടത്തിയവരാണ് ശൈഖ് മഖ്ദൂം ഒന്നാമനും രണ്ടാമനും. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണ യാത്രകളില്‍നിന്ന് സമാര്‍ജിച്ച അനുഭവമാണ് അവര്‍ പൊന്നാനി മാതൃകയിലൂടെ പകര്‍ന്നു നല്‍കിയത്.അന്യ ദേശങ്ങളില്‍നിന്നു വരെ വിദ്യാര്‍ഥികള്‍ ‘മലബാറിന്റെ മക്ക’യില്‍ പഠനത്തിനെത്തി.

പില്‍ക്കാല ദര്‍സുകള്‍ക്ക് പൊന്നാനിയുമായി ബന്ധമുണ്ടായിരുന്നു.’പൊന്നാനി സിലബസ് ‘എന്ന ഒരു അലിഖിത പാഠ്യപദ്ധതി തന്നെ നിലവില്‍ വന്നു. കേരള മുസ്‌ലിം വൈജ്ഞാനിക മേഖലയെ സ്വാധീനിച്ച മറ്റൊരു പാഠ്യപദ്ധതിയാണ് ‘നിസാമിയ്യ സിലബസ്. ഫറങ്കി മഹല്‍ പണ്ഡിതര്‍ ആവിഷ്‌കരിച്ചതാണിത്. പൊന്നാനി സിലബസിനോട് സംയോജിപ്പിച്ചുകൊണ്ടാണ് ഇത് കേരളത്തില്‍ പ്രചരിച്ചത്. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് പ്രസ്തുത സിലബസ് ഇവിടെ പരിചയപ്പെടുത്തിയത്.1871ല്‍ സ്ഥാപിതമായ വാഴക്കാട്ടെ തന്‍മിയതുല്‍ ഉലൂം മദ്‌റസയെ മൗലാന ദാറുല്‍ ഉലൂമായി പരിഷ്‌കരിച്ചു.പൈതൃകത്തെ നിലനിര്‍ത്തി ഭാഷ, ശാസ്ത്ര പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരുന്നു മൗലാനയുടെ ദാറുല്‍ ഉലൂം.ഈ ഗണത്തില്‍ പരാമര്‍ശമര്‍ഹിക്കുന്ന സ്ഥാപനങ്ങളാണ് 1916 ല്‍ സ്ഥാപിതമായ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളജും 1924ല്‍ സ്ഥാപിതമായ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജും.പ്രതിഭാധനരായ നിരവധി പണ്ഡിതര്‍ അവിടങ്ങളില്‍ നിന്നെല്ലാം പുറത്ത് വന്നിട്ടുണ്ട്.

ദര്‍സ് രംഗം അപ്പോഴും സമ്പന്നമായി നിലനിന്നു. ദര്‍സുകള്‍ മഹല്ലുകളുടെ ചൈതന്യം നിലനിര്‍ത്തി.ഇവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ചവര്‍ ഉന്നതപഠനത്തിന് ഇതരസംസ്ഥാനങ്ങളിലുള്ള കലാലയങ്ങളെ ആശ്രയിക്കേണ്ടി വന്നു.അവിടങ്ങളില്‍ പോയി ഉന്നത പഠനം നടത്തുക പലര്‍ക്കും ദുസ്സഹമായിരുന്നു.ഈ പ്രതികൂല പരിതസ്ഥിതിക്ക് മാറ്റം വേണമെന്നത് 1945 മുതലുള്ള പണ്ഡിതന്മാരുടെ ആലോചനാ വിഷയമായിരുന്നു.04.04.1962ല്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ കോട്ടുമല ഉസ്താദ് ഉപരിപഠന കോളജ് സംബന്ധമായ ചര്‍ച്ചക്ക് തുടക്കമിട്ടു.വിഷയത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനായി 30.04.1962 ന് ബാഫഖി തങ്ങളുടെ മാളിക മുകളില്‍ വീണ്ടും മുശാവറ ചേര്‍ന്നു. ആ യോഗത്തില്‍വച്ച് സമസ്ത അറബിക് കോളജ് കമ്മിറ്റി നിലവില്‍ വന്നു.സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്റും ശൈഖുനാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ സെക്രട്ടറിയുമായിരുന്നു. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളായിരുന്നു പ്രഥമ വൈസ് പ്രസിഡന്റ്.








































/

Post a Comment

0 Comments
Post a Comment
To Top