Welcome To All

ബലിപെരുന്നാൾ

Ayyubi(iub)
0

 ബലിപെരുന്നാൾ

(ലേഖനം : സ്വലാഹുദ്ധീൻ അയ്യൂബി പുല്ലാളൂർ )

 

ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും മായാത്ത ഓർമ്മകൾ സമ്മാനിച്ച ഇബ്രാഹിം നബി (അ) ന്റെയും മകൻ ഇസ്മായിൽ നബി (അ)ന്റെയും ത്യാഗോജ്വലമായ ചരിത്ര സംഭവങ്ങൾ സ്പർശിച്ചുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാൾ നമ്മിലേക്ക് സമാഗതമാവുകയാണ്. മാനത്ത് ചന്ദ്രക്കല നിർമ്മലമായതോടുകൂടി സത്യവിശ്വാസികൾ കർമ്മങ്ങളുടെയും ധന്യതയുടെയും പുണ്യമാസമായ ദുൽഹിജ്ജയെ വരവേൽക്കുന്ന ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇബ്രാഹിം നബി (അ)മകൻ ഇസ്മായിൽ നബി (അ)നെയും ഭാര്യയെയും ജനവാസമില്ലാത്ത മരുഭൂമിയിൽ ഉപേക്ഷിച്ചു പോവുകയും അവർക്ക് അവിടെ നേരിടേണ്ടിവന്ന അത്ഭുത കാഴ്ചകളും വൈഷമ്യവും ബുധജനങ്ങളിൽ ഇന്നും  ഓർമ്മകളായി നിലനിൽക്കുന്നു. കാലചക്രം വീണ്ടും ഇബ്രാഹിം നബിയെയും മകനെയും സഹധർമ്മിണിയേയും ഒരുമിപ്പിച്ചപ്പോൾ പരിശുദ്ധമായ അള്ളാഹുവിൽ നിന്നുള്ള പരീക്ഷണം ഇറങ്ങിയത് തൻ കിടാവിനെ അറുക്കാനുള്ള കൽപ്പനയിൽ പരീക്ഷണത്തിൽ ഉത്കർഷം പ്രാപിച്ചപ്പോൾ മാലാഖ ജിബ്‌രീൽ അജവുമായി ഇബ്രാഹിം നബിയുടെ സന്നിധി പ്രാപിച്ച് അജത്തിന് അറുക്കാൻ  നിർദ്ദേശിച്ചതു മുതൽ ബലിപെരുന്നാൾ ആഘോഷിച്ചത് വരെ നമുക്ക് സുപരിചിതമായ സംഭവവികാസങ്ങളാണ്.ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഈ സംഭവവികാസങ്ങളാണ് പിന്നീട് പരിശുദ്ധമായ ഹജ്ജും അതിൻറെ കർമ്മങ്ങളും ആയി പരിണമിച്ചത്. പരിശുദ്ധവും പരിപാവനവുമായ ഇസ്ലാമിന്റെ അഞ്ചാമത്തെ ഫർളാണ് ഹജ്ജ്. വിശാലമായ ഈ പ്രപഞ്ചത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ജനസാഗരങ്ങളാണ് ഹജ്ജ് ഉംറ ആവശ്യാർത്ഥം മക്കയിലേക്ക് ഒഴുകാറുള്ളത്,വർഗ്ഗ-വർണ്ണ വിവേചനം ഇല്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് അല്ലാഹുവിലേക്ക് കരം ഉയർത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലോക മുസ്ലിംകളുടെ ഒരു ഇന്റർനാഷണൽ കോൺഫറൻസ്.
           ഈ പുണ്യമാക്കപ്പെട്ട ഹജ്ജും ബലിപെരുന്നാളും എല്ലാം കൊണ്ടാഘോഷിക്കുന്നത് വളരെ പ്രത്യേകത നിറഞ്ഞ ദുൽഹിജ്ജ മാസത്തിലാണ് ദുൽഹിജ്ജ മാസത്തിന് ഒരുപാട് ശ്രേഷ്ഠതകളുണ്ട് യുദ്ധം ഹറാമാക്കപ്പെട്ട മാസവും അയ്യാമു തഷ്‌രീഖും ഈ മാസത്തിലാണ്, കൂടാതെ ഒരുപാട് പ്രതിഫലം അർഹിക്കുന്ന അമലുകളാലും നിക്ഷിപ്തമാണ് . നബി (സ) പറയുന്നു: ദുൽഹിജ്ജയിലെ 10 ദിനങ്ങളെക്കാൾ ഇബാദത്തിന് അല്ലാഹു ഇഷ്ടപ്പെടുന്ന മറ്റു ദിവസങ്ങൾ ഇല്ല അതിൽ ഒരു പകൽ വ്രതം അനുഷ്ഠിച്ചാൽ ഒരു വർഷത്തെ നോമ്പിന് തുല്യമായി, അതിലെ ഒരു രാവിൽ നിന്ന് നമസ്കരിച്ചാൽ ലൈലത്തുൽ ഖദറിലെ നമസ്കാരത്തിനു തുല്യമാണ് (തുർമുദി). ധാരാളം പുണ്യങ്ങൾ ഉള്ള അറഫാ ദിവസവും ദുൽഹിജ്ജയിലാണ്. അറഫാ ദിവസത്തിലെ ദുആക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് നബി തങ്ങൾ അരുളിയിലുണ്ട് (മിർഖാത്).
            മേൽ സൂചിപ്പിച്ച ഇബ്രാഹിം നബി തൻറെ മകൻ ഇസ്മാഈലിനെ അറുക്കുന്നതുമായി ബന്ധപ്പെട്ട ചരിത്രത്തിൽ നിന്നാണ് ഉള്ഹിയ്യത്ത് എന്ന വിശുദ്ധ കർമ്മം രൂപപ്പെട്ടത്. ബലിപെരുന്നാൾ ദിവസത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പുണ്യ കർമ്മമാണ്  ഉള്ഹിയ്യത്ത്. ഉള്ഹിയ്യത്തിന് ഒരുപാട് ശ്രേഷ്ഠതകൾ ഇസ്ലാം മതം കൽപ്പിച്ചിട്ടുണ്ട്. ഒരുപാട് പുണ്യമുള്ളതും പ്രതിഫലം ലഭിക്കുന്നതുമാണ് ഉള്ഹിയ്യത്ത്.
നബി (സ) തങ്ങൾ പറയുന്നു: പ്രതിഫലം ആശിച്ചു സുമനസ്സോടെ ആരെങ്കിലും ഉള്ഹിയ്യത്ത് നിർവഹിച്ചാൽ അത് നരകത്തെ തൊട്ട് അവന് മറയാക്കും.
ആട്,മാട്,ഒട്ടകം തുടങ്ങിയ ജീവികളെ നിയ്യത്തോട് കൂടി അറുക്കുകയും വിതരണം ചെയ്യുന്നതുമാണ് ഉള്ഹിയ്യത്തിൻ്റെ ഇതിവൃത്തം.
             മറ്റൊരു ഹദീസ് ഉദ്ധരണത്തിൽ ആയിഷ ബീവി പറയുന്നു: ജനങ്ങളെ... നിങ്ങൾ ഉള്ഹിയ്യത്ത് നിർവഹിക്കുക. കാരണം നബി (സ) തങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് , ഒരു അടിമ ഉള്ഹിയ്യത്ത് നിർവഹിച്ചാൽ അതിൻറെ രക്തവും കൊമ്പും രോമങ്ങളുമെല്ലാം അന്ത്യനാളിൽ അവൻറെ ത്രാസിൽ സൽകർമ്മങ്ങളായിക്കൊണ്ട് വരപ്പെടുന്നതാണ്. ജനങ്ങൾക്കിടയിൽ  ഉള്ഹിയ്യത്തുമ്മായി ഒരുപാട് ഊഹാബോഹങ്ങളും തെറ്റിദ്ധാരണകളും നിലനിൽക്കവെ അവ പരിഹരിച്ച് നല്ലൊരു ഉള്ഹിയ്യത്തിന് നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ......

Post a Comment

0 Comments
Post a Comment
To Top